Tuesday, 21 March 2017

ഇന്ന് ലോക ജല ദിനം






ഇന്ന് ലോക ജല ദിനം

അരയി ഗവ.യു.പി.സ്കൂൾ  വിദ്യാർഥികൾ  വാൽക്കിണ്ടി ഉപയോഗിച്ച്
പാത്രം കഴുകുന്നു. 





അരയി വിദ്യാലയത്തിന്റെ ഐശ്വര്യമായി വാൽക്കിണ്ടി
കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലിൽ നാട് വെന്തുരുകുമ്പോൾ വാൽക്കിണ്ടിയിലൂടെ ജലസംരക്ഷണത്തിന്റെ വേറിട്ട മാതൃകയുമായി കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ. ജലം സമൃദ്ധമായിരുന്ന കാലത്ത്  ഒരു തുള്ളി വെള്ളം പോലും പാഴാക്കാൻ പാടില്ലെന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂർവികർ ജല വിനിയോഗം നിയന്ത്രിക്കാൻ വീടുകളിൽ ഉപയോഗിച്ച പാത്രമാണ് വാൽക്കിണ്ടി. ശ്രീകോവിലികളിലും തറവാടുകളിലും പൂജാമുറികളിലും കല്യാണമണ്ഡപങ്ങളിലും അപൂർവം മുസ്ലീം വീടുകളിലും മാത്രം ഒതുങ്ങി നിൽക്കുന്ന വാൽക്കിണ്ടി ജലസംരക്ഷണത്തിന്റെ  അമൂല്യ മാതൃകയാക്കി വീണ്ടെടുക്കുകയാണ് അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ.
ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഉച്ചഭക്ഷണ പാത്രം കഴുകാൻ മാത്രം കുട്ടികൾ നാലായിരത്തോളം ലിറ്റർ വെള്ളം ഉപയോഗിച്ചിരുന്നു. വാട്ടർടാപ്പിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം  പാഴാക്കി കളയുന്നത് നിയന്ത്രിക്കാനാണ് ദേശീയ അധ്യാപക അവാർഡു ജേതാവുകൂടിയായ
പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ  "വാൽക്കിണ്ടിയാണ് ഈ വിദ്യാലയത്തിന്റെ  ഐശ്വര്യം " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.ഒരു  വലിയ അലുമിനിയ പാത്രത്തിൽ വെള്ളം നിറച്ച് മൂന്ന് വാൽക്കിണ്ടികൾ ഉപയോഗിച്ച് വെള്ളം വിതരണം ചെയ്യാൻ തുടങ്ങിയതോടെ ഉപയോഗം അഞ്ഞൂറ് ലിറ്ററിൽ താഴെയായി കുറഞ്ഞു.
"എന്റെ പാത്രം നിനക്കു കണ്ണാടി " എന്ന പദ്ധതിയിലൂടെ ഒരന്നം പോലും പാഴാക്കാതെ  സംസ്ഥാന തലത്തിൽ തന്നെ പ്രശംസ പിടിച്ചു പറ്റിയ ഈ സർക്കാർ വിദ്യാലയത്തിന്റെ ജലസംരക്ഷണ മാതൃകയും ഇതിനകം തന്നെ വിദ്യാഭ്യാസ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും കൈയടി നേടിക്കഴിഞ്ഞു.
പ്രകൃതി വിഭവങ്ങളിൽ അമൂല്യമായ ജീവജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ലോകജനതയെ  പഠിപ്പിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നത്. ഇരുപത്തിയഞ്ച്  വർഷങ്ങൾക്ക് മുമ്പ്  ബ്രസീലിലെ റിയോവിൽ നടന്ന പരിസ്ഥിതി വികസന ഉച്ചകോടി തീരുമാനപ്രകാരമാണ് 1993 മുതൽ വർഷം തോറും ഐക്യരാഷ്ട്ര സംഘടന വിവിധ സന്ദേശങ്ങളുമായി ജലസംരക്ഷണ ദിനം ആചരിക്കുന്നത്. പാഴ്ജലത്തിൽ നിന്നും പുനരുപയോഗം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കേന്ദ്ര സംസ്ഥാന ജലമന്ത്രാലയത്തിന്റെയും  ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും ജലസംരക്ഷണ പ്രതിജ്ഞയും ബോധവൽക്കരണ പരിപാടികളും ജലസ്രോതസ്സുകളുടെ ശുചീകരണവും നടക്കും.
 

No comments:

Post a Comment

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...