ദേശീയ സെമിനാറിലേക്ക് അരയി
അരയി സ്കൂളിന്റെ രണ്ടു മികവുകൾ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക്
കാഞ്ഞങ്ങാട് :അരയി ഗവ.യു.പി.സ്കൂളിന്റെ രണ്ട് പ്രബന്ധങ്ങൾ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് തെരെഞ്ഞെടുത്തു. കൂട്ടായ്മയിലൂടെ വിജയം കണ്ട രണ്ടു പദ്ധതികളാണ് നാളെ (ഞായർ) മുതൽ തിരുവനന്തപുരം കൈമനത്തു വെച്ചു നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. രണ്ടു ദിവസമായി നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വിദ്യാലയങ്ങൾക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ആയിരത്തി ഇരുന്നൂറ് സാധ്യായ മണിക്കൂറുകൾ,അറിവുത്സവ കേന്ദ്രങ്ങൾ എന്നീ പദ്ധതികൾക്കാണ് ദേശീയ തല അംഗീകാരം.
ഇരുന്നൂറ് പ്രവൃത്തി ദിനങ്ങൾ കൊണ്ട് ഓരോ കുട്ടിക്കും ആയിരം മണിക്കൂറുകൾ ലഭിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തിനു മുമ്പു തന്നെ കലാമിന്റെ പിരിയഡ് എന്ന പേരിൽ ഓരോ ദിവസവും അധിക മണിക്കൂർ ജോലി ചെയ്ത് പഠന നിലവാരം ഉയർത്താൻ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി ആവിഷ്കരിച്ച പദ്ധതിയാണ് ഒന്ന്. അധ്യയന വർഷം അവസാനിക്കാൻ അഞ്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പൊതു വിദ്യാലയങ്ങളിലൊന്നും ആയിരം മണിക്കൂർ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അരയി സ്കൂൾ ആയിരത്തി ഇരുന്നൂറ് മണിക്കൂർ എല്ലാ കുട്ടികൾക്കും നൽകി മാതൃകയായത്.
അക്കാദമിക നിലവാരം ഉയർത്താൻ സ്കൂളിന്റെ ചുറ്റുമുള്ള ആറ് കേന്ദ്രങ്ങളിൽ ആരംഭിച്ച അറിവുത്സവമാണ് തെരെഞ്ഞെടുത്ത മറ്റൊരു പ്രബന്ധ വിഷയം. ക്ലാസ് മുറികൾക്കകത്ത് ഒതുങ്ങുന്ന ദിനാചരണങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും നക്ഷത്ര നിരീക്ഷണവും വീട്ടുമുറ്റങ്ങളിലും അമ്പലപ്പറമ്പുകളിലും വായനശാലകളിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ അവതരിപ്പിക്കുന്ന വേറിട്ട പ്രവർത്തനമാണിത്.
കാസർഗോഡ് ജില്ലയിൽ നിന്ന് അരയി ഗവ.യു.പി.സ്കൂളിൽ നിന്ന് മാത്രമാണ് രണ്ടു പ്രബന്ധങ്ങൾ തെരെഞ്ഞെടുത്തത്.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, അധ്യാപിക ശോഭന കൊഴുമ്മൽ എന്നിവരാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
മാജിക് ഇംഗ്ലീഷ് (ജി.എൽ.പി.സ്കൂൾ, മാടക്കാൽ), വീട്ടുമുറ്റങ്ങളിലെ മികവുത്സവം (ഇസ്സത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ, ചന്തേര), അക്കാദമിക മികവിനായി അധ്യാപിക ക്കൊപ്പം അമ്മക്കൂട്ടം (ജി.എൽ.പി.സ്‌കൂൾ, കയ്യൂർ) ,പ്രകൃതി സൗഹൃദ ഇംഗ്ലിഷ് പഠനം (എ.യു.പി.സ്കൂൾ,പൊതാവൂർ ),ഒന്നിൽ തുടങ്ങി ഒന്നാമതെത്താം (ജി.യു.പി.സ്കൂൾ,കരിച്ചേരി),സ്പർശം (ജി.ഡബ്ല്യു.എൽ.പി.സ്കൂൾ, ബാര ), പൈനഗർ വിഷൻ (ജി.എം.എസ്.എസ്.പൈവളിഗെ നഗർ) എന്നിവയാണ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന മറ്റു വിദ്യാലയങ്ങൾ
Comments
Post a Comment